.comment-link {margin-left:.6em;}

Malayalam Related Topics

[See instructions to install an old orthography Malayalam Unicode font which is required to read the posts below]
 

മലയാളത്തിലെ ശരിതെറ്റുകളെ പറ്റി

An Evolutional Viewpoint

എപ്പോഴും അലക്കിത്തേച്ച ഉടുപ്പുകൾ മാത്രമല്ലല്ലോ ഒരാളുടുക്കാറുള്ളത്‌. വീട്ടിലിരിക്കുമ്പോൾ അതിനുചേരുന്നത്‌ - ഒരു ലുങ്കി മാത്രമായാലും വിരോധമില്ല. അതു വച്ചയാൾ ഏതെങ്കിലും രീതിയിൽ കുറവുള്ളവനാകുമോ? അതുപോലെ തന്നെയാണ്‌ ഭാഷയുടെ കാര്യവും. അതിന്‌ പലപല അവതാരങ്ങളുണ്ട്‌. എഴുത്തുഭാഷ, കുട്ടികളുടെ ഭാഷ, ചുമട്ടുതൊഴിലാളികളുടെ ഭാഷ, പൂജാരിയുടെ ഭാഷ. എല്ലാം ഒരേസമയം ശരിയാണ്‌. അതു വച്ച്‌ അതിനെല്ലാം കൂടി ഒരു ഐഡന്റിറ്റി ഇല്ലെന്നു വയ്ക്കരുത്‌. ഒരു നാനാത്വത്തിൽ ഏകത്വം ഇതിനെല്ലാമുണ്ട്‌. ആ ഏകത്വമാണ്‌ മലയാളം എന്നവാക്കുകൊണ്ടർത്ഥമാക്കുന്നത്‌. അതുപോലെ ഈ ഓരോ രൂപങ്ങൾക്കും അതിന്റേതായ അവസരങ്ങളുണ്ടെന്നും മറക്കരുത്‌- ചുമട്ടുതൊഴിലാളിയുടെ ഭാഷയിൽ കുർബാന ചൊല്ലരുത്‌!

അജ്ഞാതമായ മാർഗങ്ങളിലൂടേ ഭാഷ പരിണമിച്ചു കൊണ്ടിരിക്കുകയാണ്‌. മുണ്ടിൽ നിന്നും സാരിയിലേയ്ക്കും അവിടേന്നിന്നു ചുരിദാർ, ജീൻസ്‌ എന്നിങ്ങങ്ങെ വേഷങ്ങൾ മാറിക്കൊണ്ടിരിക്കും പോലെ. അടുത്തതെന്തായിരിക്കുമെന്നോ എന്തായിരിക്കണമെന്നോ പറയുക പ്രയാസം. അതുകൊണ്ടു തന്നെ മലയാളം ഒരിക്കലും പണ്ഡിതന്മാരോ ഭാഷാ ഇൻസ്റ്റിറ്റിൂട്ടോ നിർവചിക്കുന്ന ഒന്നല്ല; അങ്ങനെ ചുരുങ്ങുകയുമരുത്‌.

സംസ്കാരം എന്ന കാട്ടിലെ ഒരു species ആണ്‌ മലയാളഭാഷ. ഓരോ മാറ്റങ്ങളും ഓരോ mutations പോലെയാണ്‌; ഉത്ഭവം പാണിനിയിൽ നിന്നായാലും പറച്ചിയിൽ നിന്നായാലും സമം. അതാതു കാലഘട്ടത്തിലെ ജനങ്ങൾക്ക്‌ സ്വീകരിക്കാൻ പറ്റുന്നുണ്ടോ എന്നു മാത്രമാണ്‌ പ്രധാനം. നാരായം കൊണ്ടെഴുതാൻ അക്ഷരങ്ങളുരുണ്ടതും ധാരാളം കൂട്ടക്ഷരങ്ങളുണ്ടായതും, പ്രിന്റിങ്ങിന്‌ വേണ്ടി കൂട്ടക്ഷരങ്ങൾ ചുരുങ്ങിയതും എല്ലാം സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടലുകൾ മാത്രം. ഇതങ്ങനെ അനുസ്യൂതം തുടരും. കമ്പ്യൂട്ടറും യൂണിക്കോഡും ഒരു പുതിയ സാഹചര്യമാണ്‌..

ശരി-തെറ്റ്‌ ചിന്തകൾക്ക്‌ വളരെ വലിയൊരു research value ഉണ്ടെന്നത്‌ ഞാൻ വിസ്മരിക്കുന്നില്ല - പക്ഷെ, അത്രയേ ഉണ്ടാവാവൂ. മലയാളത്തിലെ ശരി-തെറ്റ്‌ ഗവേഷണം മിക്കവാറും വാക്കുകളുടേയും പ്രയോഗങ്ങളുടേയും etymology research ആണ്‌. എന്നാൽ, വാക്കിന്റെ പുരാതനരൂപമാണ്‌ ഏറ്റവും ശരിയെന്നത്‌ സംസ്കൃതത്തിൽ മാത്രം നിലനിൽക്കുന്ന വസ്തുതയാണ്‌. സംസ്കൃതത്തിലെ ഈ പരിണാമമില്ലായ്മ മലയാളത്തിലും വേണം എന്ന്‌ ശഠിക്കുകയാണ്‌ പലരും ചെയ്യുന്നത്‌. ചുരുക്കത്തിൽ, സംസ്കൃതത്തിൽ നിന്നും വ്യത്യസ്തമായി മലയാളമെന്നത്‌ ഒരിക്കലും മാറ്റമില്ലാത്തൊരു പുരാതനസംഹിതയല്ല; ജീവിക്കുന്നൊരു ഭാഷയാണത്‌ - കേരളീയർ സംസാരിക്കുന്ന ഭാഷയാണ്‌ മലയാളം എന്നെനിക്കിഷ്ടമായ നിർവചനം. ഇന്നത്തെ ഭാഷയുടെ വിവിധയിനം abstractions-ഉം അവയുടെ exceptions-ഉം വേർതിരിച്ചെടുക്കുകയാണൊരു വൈയ്യാകരണധർമം; പഴയ ശീലങ്ങൾ തുടർന്നും നിർബന്ധിക്കുന്ന പോലീസുപണിയല്ല.

അടിക്കുറിപ്പ്: 'അംബ' 'അമ്മ'യായപ്പോഴും അന്നത്തെ പണ്ഡിതർ, 'ദുഷിപ്പ്‌' 'ദുഷിപ്പ്‌' എന്നുമുറുമുറിത്തിരിക്കണം. എങ്കിലും, ശേഷം ചിന്ത്യം :)


മറ്റുപല സംവാദങ്ങളില്‍ നിന്നും:


1)

There is a problem in excluding words like 'branch' from Malayalam since we english educated people know where it came from. There are so many words we consider native to malayalam, but came from other languages. Examples include 'naarangnga', 'mESa', 'pErakka' (from Portugese). So when you do these kind of exclusion, we loose so much than we intended for. On the other hand, if you exclude only by basis of your awareness of etymology of a word, then the Malayalam of a 3rd standarder will be richer than you! (because he doesn't know 'branch' came from english) This also prevents the collective existance of a common vocabulary for Malayalam.

One more point, just like any living organism, living languages change over time. We are proud of a culture which honour the change as very primary principle behind the universe. Also, we don't need to get emotional about who made the change. Instead we should look at whether the change brought forward by somebody was accepted by the people. That, apparently, give the guarantee that the change goes well with the collective psych of a Malayalee and so, that change was needed.



ഉമേഷ് എഴുതുന്നു
'കൂർ‍മ്മത' എന്നതിനു 'ആമയുടെ അവസ്ഥ' എന്നേ അർ‍ത്ഥമുള്ളൂ. 'കൂർ‍ത്തതിന്റെ അവസ്ഥ'യ്ക്കു് 'കൂർ‍മ്മ' എന്നു മതി. നന്മ, വെണ്മ എന്നൊക്കെപ്പോലെ. ആവശ്യമില്ലാതെ സം‍സ്കൃതപ്രത്യയങ്ങൾ തനിമലയാളവാക്കുകളോടു ചേർ‍ക്കുമ്പോൾ ഉണ്ടാവുന്ന വികലസൃഷ്ടികളിലൊന്നാണു് ഇതും.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വികലപ്രയോഗമാണു 'കൂർ‍മ്മബുദ്ധി'. ഇതിന്റെ അർ‍ത്ഥം 'ആമയുടെ ബുദ്ധിയുള്ളവൻ' എന്നാണു് - sharp ആയ ബുദ്ധിയുള്ളവൻ എന്നല്ല."



എന്റെ അഭിപ്രായം:

ഇത്‌ സംസ്കൃതത്തിന്റെ കാര്യമല്ലേ.. ഇത്‌ ഭാഷ വേറെ അല്ലേ. മലയാളമല്ലേ. സംസ്കൃതത്തിന്റെ സൂപര്‍സെറ്റ് ഒന്നുമല്ല മലയാളം. സംസ്കൃതത്തില്‍ നിന്നും ഒട്ടനവധി വാക്കുകള്‍ മലയാളം കടമെടുത്തിട്ടുണ്ടെന്നു കരുതി മലയാളം സംസ്കൃതവ്യാകരണമനുസരിക്കണം എന്നു ശഠിച്ചാലോ.. ബസ്സ്‌ എന്ന വാക്ക്‌ മലയാളത്തിലും ഇംഗ്ലീഷിലും ആറ്‌ ചക്രമുള്ള പത്തുനൂറാളെ കയറ്റുന്ന വണ്ടിയെ വിളിക്കുന്നതാണെന്ന്‌ കരുതി, ‘ബസ്സുകള്‍’ എന്നത്‌ ശരിയല്ല; ‘ബസ്സസ്‘ ആണ് പറയേണ്ടത്‌ എന്ന് സായിപ്പ്‌ പറഞ്ഞാല്‍, പോയി പണി നോക്കാന്‍ പറയും. ഞാന്‍ മലയാളി; എന്റെ ഭാഷ മലയാളം; മലയാളത്തില്‍ എനിക്കും ബാക്കി മലയാളികള്‍ക്കും ഇഷ്ടപ്പെടുന്ന വാക്കുകളുണ്ടാക്കും, അവ തോന്നുമ്പോലെ ഉപയോഗിക്കും. ആരാടാ ചോദിക്കാന്‍ ;)

ഇവിടെ കോഴി-മുട്ട പ്രശ്നം പോലുള്ള ഒന്നുണ്ട്‌. അത്‌ ഭാഷയും വ്യാകരണവും തമ്മിലാണ്. കോഴി-മുട്ട എന്നതില്‍ നിന്നും വ്യത്യസ്തമായി ഭാഷക്ക്‌ മേല്‍ക്കയുണ്ട്‌. വ്യാകരണത്തിന്ന്‌ ഭാഷയെനിയന്ത്രിക്കാന്‍ അവകാശമില്ല. പകരം ഒരു ഒബ്സര്‍വര്‍ റോളിലാണ് വ്യാകരണം. മലയാളത്തെ പറ്റി വലിയ നിശ്ചയമില്ലാത്തവര്‍ ചോദിക്കുമ്പോള്‍ വ്യാകരണം പറഞ്ഞുകൊടുക്കും.. ഈ മലയാളികള്‍ എന്നു പറയുന്ന ടീംസ്‌ ബഹുവചനമാക്കാന്‍ ‘കള്‍’ ചേറ്ക്കും എന്നാല്‍ എപ്പോഴും അല്ലാട്ടോ. ‘മന്തന്‍’എന്നതിന് ‘മന്തന്മാറ്’ എന്നാണ്. എന്നിങ്ങനെ. അതായത്‌ ആയിരിക്കുന്ന ഭാഷയുടെ അവസ്ഥയെ അബ്സ്റ്റ്രാക്റ്റ് ചെയ്യലാണവരുടെ പണി. അതല്ലാതുള്ള കൈകടത്തലിനെ ഇങ്ങനെ പറയാം: ന്യൂട്ടന്റെ കാലത്ത്‌ എല്ലാം അബ്സ്റ്റ്രാക്റ്റ് ചെയ്നുണ്ടാക്കിയ നിയമം വച്ച്‌ പ്രകാശരശ്മിയോട്‌ പറയാമോ. ഡാ മോനേ നീയെന്തിനാ ആ നക്ഷത്രത്തിനെ അടുത്തെത്തുമ്പോ ഒരു വളയല്. നീ നിയമം തെറ്റിച്ചൂട്ടാ..ന്ന്‌. പുതിയത്‌ കണ്ടാല്‍ പുതിയ നിയമം വരണം. അതിനേപ്പയില്ലെങ്കില്‍ പിന്നെ വേറെ പണിനോക്കണം. അല്ലെങ്കിലും ഇത്‌ ശരി ഇത്‌ തെറ്റ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ അത്‌ അതനുസരിക്കാന്‍‍ പോകുന്നവരാണ് ഈ കൈകടത്തലിന് വളം വച്ചുകൊടുത്തതെന്ന്‌ പറഞ്ഞാല്‍ മതി. ഞാന്‍ ഒരു മലയാളിയാണ്, ഞാന്‍ പറയുന്നതിലപ്പുറം ഒരു മലയാളമില്ല എന്നൊരുത്തനും മനസ്സിലാവുന്നില്ല. കഷ്ടം :((((

ഉമേഷിന്റെ മറുപടി:
സിബ്വേ, നമ്മള്‍ അടിച്ചു പിരിഞ്ചു പോകുന്ന ലക്ഷണമുണ്ടല്ലോ. ഞാനെന്‍റെ “ശരിയും തെറ്റും” ബ്ലൊഗിന്റെ (ദാ ഇപ്പോള്‍ ഞാന്‍ nRe എന്നാണു ടൈപ്പുചെയ്തതുതു്!) പേരു “ശരിയും ശരിയും” എന്നാക്കാന്‍ പോവുകയാണു്. സിബുവിന്‍റെ അഭിപ്രായത്തില്‍ “തെറ്റു്” എന്നൊരു സാധനമില്ലല്ലോ! സ്കൂളുകളില്‍ കേട്ടെഴുത്തു്, തെറ്റുതിരുത്തു്, പദ്യപാരായണം, വ്യാകരണം തുടങ്ങിയ ബാര്‍‍ബേറിയന്‍ വ്യായാമങ്ങള്‍ നിര്‍ത്തലാക്കാന്‍ നമുക്കു മുഖ്യമന്ത്രിക്കൊരു നിവേദനം കൊടുക്കാം. വിവരമില്ലാത്തവര്‍ blood pressure-നെ പ്ലഷര്‍ എന്നു പറയുമ്പോള്‍ ആരുമിനി ചിരിക്കുകയോ തിരുത്തുയോ ചെയ്യരുതു്. ഭാഷ വളര്‍‍ന്നുകൊണ്ടിരിക്കുകയല്ലേ.

നാലു തലമുറകളായി മലയാളം പറയാന്‍ വൈമനസ്യം കാണിച്ച വീട്ടിലെ ഇളം സന്തതി ടീവീയിലെ ഫോണ്‍ വിളിച്ചു പാട്ടു കേള്‍പ്പിക്കുന്ന പരിപാടിയില്‍ പറയുന്ന മല്യാലവും ഭാഷയ്ക്കു മുതല്‍ക്കൂട്ടാവട്ടേ!


എന്റെ മറുപടി:
ഉമേഷേ.. ന്യായമായ സംശയം. എതാണ് തെറ്റ്‌ ഏതാണ് ശരി.

മലയാളം പറയാനറിയാത്തവന്‍ പറയാന്‍ പഠിക്കുമ്പോള്‍ തെറ്റുകളുണ്ടാവും; എഴുതാനറിയാത്തവന്‍ എഴുതാന്‍ പഠിക്കുമ്പോള്‍ തെറ്റുകളുണ്ടാവും. അതിനു ശേഷം എല്ലാം ശരികളാണ്. അല്ലെങ്കില്‍ തെറ്റ്‌-ശരി എന്ന പാരഡിം അല്ല അവിടെ ഉപയോഗിക്കേണ്ടത്‌. പകരം ആസപ്റ്റന്‍സ്‌ ആണ്. ചില വാക്കുകളോട്, പ്രയോഗങ്ങളോട് മലയാളികൂടുതല്‍ പ്രതിപത്തികാണിക്കും ചിലതിനോടില്ല. പ്രതിപത്തികൂടുതലുള്ളത്‌ നിലനില്‍ക്കും (നിലനില്‍ക്കണം; അല്ലാതെ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്‌ അടിച്ചേല്‍പ്പിക്കുന്നവയല്ല). ഇതിന് തിരഞ്ഞെടുപ്പിനോട്‌ സാമ്യം പറയാം. കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റും തിരഞ്ഞെടുപ്പിന് നില്‍ക്കുന്നു. ഒരുത്തന്‍ പോയി കമ്മ്യൂണിസ്റ്റിന് കുത്തി. പക്ഷെ, അവര് തോറ്റുപോയി. അതുവച്ച്‌ അവന്‍‍ ചെയ്തത്‌ തെറ്റായോ. ഇല്ല. സംഭവിച്ചത്‌, അവന്‍ ചെയ്തത്‌ ആസപ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. അതു തന്നെയാണ് ഭാഷയിലും സംഭവിക്കേണ്ടത്‌. അവിടെ തിരഞ്ഞെടുപ്പുപോലെ ഒരു ഫോര്‍മല്‍ ആയ പ്രക്രിയ ഇല്ലന്നേ ഉള്ളൂ. ഇങ്ങനെ ആസപ്റ്റന്‍സ്‌/സ്വീകാര്യത അനുസരിക്കുന്ന പ്രക്രിയ ഇല്ലാത്തതിനാലാണ് ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്കുകളെ വേവിക്കാതെ എടുത്ത്‌ ചവയ്ക്കരുതെന്ന് ഞാന്‍ പറയുന്നത്‌.

വിശ്വം എഴുതുന്നു
ദൃശ്യസുന്ദരമായ നല്ലൊരു മണിമാളിക പണിയുന്നതുപോലെ വേണം ഭാഷാപോഷണം.

സൌകുമാര്യവും സൌകര്യവും കൂട്ടാന്‍ Architect, ഘടനാദാര്‍ഢ്യത്തിന് structural engineer. രണ്ടു പേരും കൂടിയേ കഴിയൂ.

ഭാഷയുടെ ആര്‍ക്കിടെക്റ്റ് അതു സംസാരിക്കുന്ന സാമാന്യജനത തന്നെയാണ്. (ഒരിക്കലും ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടോ സര്‍വ്വകലാശാലകളോ അല്ല;ഒരു പക്ഷേ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു പരിധിവരെ പങ്കുണ്ട്). സ്ട്രക്ചറല്‍ ഡിസൈനര്‍ ഭാഷാശാസ്ത്രജ്ഞരും.‍

അതുകൊണ്ടാണ് വൈയാകരണനും നാട്ടുമൊഴിക്കൂട്ടത്തിനും ഭാഷയില്‍ തുല്യസ്ഥാനം വേണ്ടത്. അന്യോന്യം അവര്‍ നിയന്ത്രിച്ചും അനുവദിച്ചും തന്നെയേ മുന്നോട്ടു പോകാന്‍ വെയ്ക്കൂ.

ഭാഷാപാണിനീയത്തില്‍ തന്നെ ധാരാളം തിരുത്തിയെഴുത്തിനു സമയമായതുപോലെ തോന്നും ഇപ്പോള്‍ വായിക്കുമ്പോള്‍.


സംസ്കൃതവും പ്രാകൃതവും തമ്മില്‍ വ്യതിരിക്തമായ അതിരുകളില്ലാതെ വന്ന സമയത്താണ് പാണിനി അത്യന്തം ശാസ്ത്രീയമായി അഷ്ടാദ്ധ്യായി എഴുതിയത്. ഉത്തമസംസ്കൃതസാഹിത്യത്തിന് അതു ഗുണം ചെയ്തിരിക്കാം. പക്ഷേ പ്രാകൃതങ്ങള്‍ പിന്നീട് സ്വന്തം വഴിക്കു പോയി ഓരോരോ സ്വതന്ത്രഭാഷകളാവുകയാണുണ്ടായത്. സൂത്രങ്ങള്‍ മുറുകെ പിടിച്ചിരുന്ന സംസ്കൃതമാവട്ടെ, സ്വന്തം ഗുണം കാത്തുസൂക്ഷിച്ചുവെങ്കിലും ക്രമേണ പ്രചാരലുബ്ധവുമായിത്തീര്‍ന്നു.(എന്നിരുന്നാലും പാണിനീസൂത്രങ്ങള്‍ക്ക് ദേശകാലനിബദ്ധമല്ലാത്ത യുക്തിബോധമുണ്ടെന്നുള്ളതു സത്യമാണ്.)


ഒരിക്കല്‍ മലയാണ്മ തമിഴ്പാട്ടുകള്‍ക്കും മണിപ്രവാളം ആഢ്യത്തത്തിനും ഇടയില്‍ തട്ടിക്കളിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തുഞ്ചന്റെ രാമായണമാണ് ആ മലയാളത്തിനെ സാമാന്യജനങ്ങള്‍ക്കിടയിലേക്കിറക്കിക്കൊണ്ടുവന്ന് അവരെക്കൊണ്ട് അന്തിക്ക് കൊല്ലത്തിലൊരിക്കല്‍ ഒരുമാസമെങ്കിലും വായിപ്പിച്ച് ജനകീയഭാഷയാക്കി മാറ്റിയത്. അപ്പുറത്ത് ബൈബിളും ഒപ്പം നിന്നു.

അന്നു തുഞ്ചനും കുഞ്ചനും ആയിരുന്നുവെങ്കില്‍ മിനിയാന്നു ചങ്ങമ്പുഴയും ഇന്നലെ മംഗളം വാരികയും ഇതേ മഹത്കൃത്യം ചെയ്തിട്ടുണ്ട് എന്നു സമ്മതിക്കാതെ പറ്റില്ല.

നമുക്കെന്തു മലയാളമാണു വേണ്ടത്? അക്കാദമിക്കുള്ളില്‍ പുസ്തകക്കെട്ടുകളില്‍ മയങ്ങുന്ന മലയാളം വേണോ അതോ അങ്ങാടീല് അന്തിയ്ക്കും പന്തിയ്ക്കും കേക്കണ മലയാളം വേണോ?

എനിക്കെന്തായാലും രണ്ടും വേണം.


മഴക്കാടുകളില്‍ ആരെയും കൂസാതെ പടര്‍ന്നുപന്തലിക്കുന്ന പച്ചപ്പുതപ്പുകള്‍ക്കാണോ ഭംഗി, അതോ രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിലെ റോസാത്തോട്ടങ്ങള്‍ക്കോ?

നമുക്കീ കാടുകള്‍ക്കിടയില്‍ ചെറിയ ഓരോ കൊടിലുകളും പിടിച്ച് നടക്കാം. തീരെ അനുസരണമില്ലാതെ വഴിയിലേക്കും പുഴയിലേക്കും നീണ്ടുപോകുന്ന കമ്പുകളെ മാത്രം മുറിച്ചൊതുക്കി നമുക്കീ പടര്‍പ്പിന്റെ ഭാഗമാകാം.

പെരിങ്ങോടരുടെ അഭിപ്രായം

നാളെ പുലര്‍ന്നിട്ടുമതി സിബു-ഉമേഷ് സംവാദത്തില്‍ കൈകടത്തുന്നത് എന്നു കരുതിയിരുന്നതാണ്; പുലര്‍ന്നു വന്നപ്പോഴേയ്ക്കും സംഗതി ഒത്തുതീര്‍പ്പായെന്നാ തോന്നുന്നത്. എന്നാലും എനിക്ക് പറയാനുള്ളത്:

സിബു,
ഭാഷ-വ്യാകരണത്തില്‍ മുട്ട-കോഴി പ്രശ്നം ഉദിക്കുന്നേയില്ലല്ലോ. ഭാഷ പ്രകൃത്യായുള്ളതാണു, വ്യാകരണം അതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ്. പ്രകൃതിയില്‍ കാണുന്ന എല്ലാറ്റിനും നിര്‍വചിക്കുവാന്‍ കഴിയുന്ന റിഥമും പാറ്റേണും കാണുന്നു; ഭാഷയിലും ഇതു തീര്‍ച്ചയായുമുണ്ട്. കൊടുന്തമിഴ് എന്ന ഭാഷ കുറേ കള്ളുകുടിയന്മാരോ, ആട്ടക്കഥക്കാരോ തോന്നിയപോലെ പറഞ്ഞുണ്ടാക്കിയതല്ല മലയാളം. ഇതെന്റെ ഭാഷ പെരുമാള് ചത്തില്ലേ ഞാനിഷ്ടം പോലെ പറയും എന്നുപറഞ്ഞു കൊടും‌തമിഴ് പേശുന്നവനെ തമിഴരന്നു വട്ടനെന്നു വിളിച്ചേനെ.

ഏ.ആര്‍ ആദ്യമായി നിരീക്ഷിച്ചത് ചില മൂലപദങ്ങള്‍ മലയാണ്മയില്‍ മാറിപ്പോയിരിക്കുന്നതെങ്ങിനെ എന്നതായിരിക്കും. ഇന്ന് തൃശൂര്‍ക്കാര്‍ എന്തൂട്ട്രാ എന്നും മറ്റു ചിലര്‍ എന്തടാ എന്നും പറയുന്നതുപോലെ ചിലത് കൊടുന്തമിഴ് സഹ്യനിപ്പുറത്ത് സംസാരിക്കുന്നവരിലും സംഭവിക്കുകയുണ്ടായി (മാങ്കായ് മാങ്ങയായി). അപ്പോള്‍ ആദ്യത്തെ പോയന്റ് കൊടുന്തമിഴിന്റെ വാമൊഴിയായിരുന്നു മലയാളം എന്നുള്ളതാണ് (ആ മലയാളത്തില്‍ പിന്നീടും പലതരം വാമൊഴികള്‍ വന്നിട്ടുണ്ട്)

രണ്ടാമത്തേത്, അന്യഭാഷയിലെ പദങ്ങള്‍ മലയാണ്മയില്‍ സ്വീകരിച്ചിരിക്കുന്നതും അവയില്‍ പ്രത്യയങ്ങള്‍ ഭാഷ പ്രയോഗിച്ചതിനെയും കുറിച്ചായിരുന്നു ഏ.ആറിന്റെ നിരീക്ഷണം. അന്യഭാഷ എന്നു പറയുമ്പോള്‍ അതിലേറിയ പങ്കും സംസ്കൃതം തന്നെയായിരുന്നു (സംസ്കൃതപദങ്ങളില്‍ ഉപയോഗിച്ച അതേ പാറ്റേണാണു പിന്നീട് മറ്റുഭാഷാപദങ്ങളിലും ഉപയോഗിച്ചത്). നേരത്തെ പറഞ്ഞ റിഥം, പാറ്റേണ്‍ നിരീക്ഷിക്കുക മാത്രമാണു ആദ്യകാല വൈയാകരണന്മാര്‍ ചെയ്തിരുന്നത്. ഋജുവായ പാറ്റേണുകളെ, സ്വഭാവസവിശേഷതകളെ ഒന്നായി അവര്‍ ഭാഷയെന്നു വിളിക്കുന്നു. ആ പാറ്റേണുകളില്‍ മാറ്റം വരുത്തിയിരുന്നത് പിന്നീട് വാമൊഴികളാണ്, അങ്ങിനെ തൃശൂര്‍ കാരന്റെ മലയാളവും കണ്ണൂരുകാരന്റെ മലയാളവും രണ്ടായി. വീണ്ടും പ്രകൃതി ഇടപെടുകയാണ്, ഭാഷയില്‍ പരിണാമങ്ങള്‍ നടപ്പുള്ളതാണ്, കൊടുന്തമൊഴിന്റെ പരിണാമത്തെ മലയാണ്മ എന്നു വിളിച്ചപ്പോള്‍ മലയാളത്തില്‍ വരുന്ന പരിണാമത്തെ മലയാളമെന്നു തന്നെ വിളിക്കണം എന്നെന്താണു സിബുവിനിത്ര നിര്‍ബന്ധം? ഒരു പക്ഷെ നാളെയൊരു ഭാഷാശാസ്ത്രജ്ഞന്‍ വിരോധാഭാസങ്ങള്‍ക്കും, കൂര്‍മ്മതയ്ക്കുമെല്ലാം പ്രകൃത്യായുള്ള പാറ്റേണുകള്‍ കണ്ടെത്തുന്നതായിരിക്കും, അപ്പോള്‍ പരിണാമ ഗുപ്തി വന്നേയ്ക്കും, നമുക്ക് പുതിയൊരു ഭാഷയാവും. സംസാരഭാഷയില്‍ ഇത്തരം പാറ്റേണുകളെ കുറിച്ചുബോധവാനാകേണ്ടതില്ല, എഴുതുമ്പോഴും ഇന്ന് ആധുനിക കാലത്ത് കമ്പ്യൂട്ടറുകള്‍ക്ക് വായിക്കാന്‍ കൊടുക്കുമ്പോഴും ഭാഷയില്‍ നിര്‍വചിക്കുവാന്‍ കഴിയുന്ന പാറ്റേണുകള്‍ നിര്‍ബന്ധമാണ്.


എന്റെ മറുപടി:
എഴുത്തു ഭാഷയും സംസാരഭാഷയും തമ്മില്‍ വ്യത്യാസമുണ്ടെന്നകാര്യത്തില്‍ തര്‍ക്കമില്ല. രണ്ടിന്റേയും മീഡിയം (ഒന്ന്‌ ദൃശ്യം, മറ്റേത്‌ ശ്രാവ്യം), സംഭാഷണത്തിലേര്‍പ്പെടുന്ന സമൂഹത്തിന്റെ വലിപ്പവും വൈവിധ്യവും, രണ്ടിന്റേയും സന്ദര്‍ഭം(context), എഴുതിയത്‌/പറഞ്ഞത്‌ നിലനില്‍ക്കേണ്ട കാലയളവ്‌ എന്നിവയിലൊക്കെ വരമൊഴിയും വാമൊഴിയും ആനയും ആടും പോലെയാണ്. ഇത്‌ ഈ രണ്ട്‌ ഭാഷാധാരകളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസങ്ങളൊക്കെ കാണുമ്പോള്‍ എങ്ങിനെ ഇവതമ്മില്‍ ഇത്രസാമ്യമുണ്ടായി എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. സത്യത്തില്‍ എഴുത്തും സംസാരവും തമ്മില്‍ ഇന്നുള്ള ഈ സാമ്യം തന്നെ താരതമ്യേന പുതിയ പ്രതിഭാസമാണ്.

രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ വച്ച്‌, വൈവിധ്യം വാമൊഴിയിലേ ഉള്ളൂ വരമൊഴിയിലില്ല എന്നു പറയുമോ. വാമൊഴിയിലെ വൈവിധ്യം തന്നെ ജ്യോഗ്രഫിയികൊണ്ടു മാത്രം ഉണ്ടാവുന്നതുമല്ല. ജാതി, പ്രായം, ജോലി, സന്ദര്‍ഭം, സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ തമ്മിലുള്ള അടുപ്പം എന്നിങ്ങനെ അനേകകാര്യങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. അതുപോലെ തന്നെ വരമൊഴിയും അതിന്റേതായ രീതിയില്‍ വൈവിധ്യം പ്രകടിപ്പിക്കുന്നു. നോവലിലെ ഭാഷ, കവിതകളിലെ ഭാഷ, ഗവണ്മെന്റ് ഭാഷ, ചാറ്റ്‌ ഭാഷ, ബൈബിളിലെ ഭാഷ ...

എന്നാല്‍ ഈ വൈവിധ്യങ്ങളിരിക്കേ തന്നെ ഇവയെല്ലാം തമ്മിലൊരു ഏകത്വമുണ്ട്‌. ആ ഏകത്വമാണ് മലയാളം എന്ന വാക്കുകൊണ്ട്‌ വിവക്ഷ.

ഇനി, ഞാന്‍ കഴിഞ്ഞ പോസ്റ്റുകളില്‍ പറഞ്ഞ വാദമുഖങ്ങളില്‍ ഏതാണ് അവയെ വാമൊഴിയില്‍ മാത്രം ഒതുക്കുന്നത്‌?

ഒരു സാംസ്കാരത്തിന്റെ ഭാഗമായ ഭാഷ, കല തുടങ്ങീ സംഗതികളില്‍ എങ്ങിനെ പരിണാമം ഉണ്ടാവാം, അതിന് നിയമങ്ങള്‍ വച്ചാണോ അല്ലെങ്കില്‍ വേറെ എന്തുവച്ചാണ് ആ പരിണാമം സംഭവിക്കേണ്ടത്‌ എന്നിവയല്ലേ നമ്മള്‍ ചര്‍ച്ചചെയുന്നത്‌. അതായത്‌ വാമൊഴിയും വരമൊഴിയും എല്ലാം ഉള്‍പ്പെടുന്ന സാസ്കാരികരൂപങ്ങളുടെ മാറ്റങ്ങളെ കുറിച്ച്‌...

ഭാഷയും കലാരൂപങ്ങളും എല്ലാം നമ്മുടെ ജീനിന്റെ അതിജീവനത്തിനാവശ്യമായ വിവിധതന്ത്രങ്ങളില്‍ നിന്നും രൂപംകൊണ്ടതാണ് - മയില്‍പീലി പോലെ. സമൂഹജീവിയായ മനുഷ്യന്‍ ഭാഷകൊണ്ടും കലകള്‍ കൊണ്ടും ഒരു കൂട്ടായ്മയും അതുവഴി സര്‍വൈവലും സാധ്യമാക്കുന്നതിനോട്‌ തോട്ടത്തില്‍ ആരോ വെട്ടിനിര്‍ത്തിയ ചെടികളെ ഉപമിക്കുന്നതിനോട്‌ എനിക്ക്‌ വിയോജിപ്പുണ്ട്‌. സമൂഹജീവികളായ ഉറുമ്പുകളാവും കുറച്ചുകൂടി നല്ല ഉപമയെന്നെനിക്ക്‌ തോന്നുന്നു.

ഉറുമ്പുകളില്‍ കൂട്ടം തെറ്റിപ്പോകുന്നവരെ കൊന്നൊടുക്കുന്നതു വഴിയല്ല അവര്‍ ഭക്ഷണം കണ്ടെത്തുന്നതും സാഹചര്യങ്ങളുമായി അഡാപ്റ്റ് ചെയ്യുന്നതും. സത്യത്തില്‍ കൂട്ടം തെറ്റിപ്പോകുന്നവരാണ് ഉറുമ്പിന്‍‌കൂട്ടത്തിന് ഭക്ഷണം പെട്ടന്ന്‌ കണ്ടുപിടിച്ചു കൊടുക്കുന്നത്‌. കൂട്ടം തെറ്റുന്നവരുടെ 99% ഉദ്യമങ്ങളും പരാജയമായിരിക്കാം. പക്ഷെ അവരില്ലെങ്കില്‍ ഉറുമ്പിന്‍‌കൂട്ടമില്ല. (അതുപോലെ തന്നെ നിയമങ്ങളില്ലാത്ത, ഒരു ഉറുമ്പിന്‍ കൂട്ടത്തിലെ എല്ലാവരും കൂട്ടം തെറ്റിപോകുന്നവരാവുന്നതും നാം കാണുന്നില്ല)

അതുപോലെ തന്നെ ഭാഷയിലും ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞപോലെ സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടലുണ്ട്‌. എഴുത്തുഭാഷയുടെ കാര്യം തന്നെയെടുക്കാം. ഓല കീറിപ്പോവാതെ നാരായം കൊണ്ടെഴുതാന്‍ മലയാളം അക്ഷരങ്ങളുരുണ്ടു. പ്രിന്റിങ്ങിനെളുപ്പത്തിന് കൂട്ടക്ഷരങ്ങള്‍ പിരിഞ്ഞു.

സാംസ്കാരികമായ എന്തിനും ഈ അഡാപ്റ്റേഷനും അതുവഴിയുള്ള അതിജീവനവും ഉണ്ട്‌. അത്‌ എളുപ്പത്തില്‍ സാധ്യമാക്കുന്നവ നിലനില്‍ക്കുന്നു അല്ലാത്തവ ചത്തോടുങ്ങുന്നു. ഏതൊരു ഭാഷയുടെയും ജീവന്‍മരണപ്രശ്നമാണ് ഇത്‌. ഇതുകൊണ്ടാണ് ഭാഷക്ക്‌ അതാത്‌ സാഹചര്യങ്ങള്‍ക്ക്‌ ആവശ്യമുള്ള പരിണാമം എങ്ങിനെ എളുപ്പം ലഭ്യമാക്കും എന്ന്‌ വല്ലപ്പോഴും ചിന്തിക്കേണ്ടതുള്ളത്‌.

ഈ ഭാഷാ‍പരിണാമത്തിന് , ‍ നിയമങ്ങളുടെ മോഡലല്ല, മറിച്ച്‌ ആസപ്റ്റന്‍സിന്റെ മോഡലാണ് സഹായകമാവുക എന്നതാണ് ഞാന്‍ നേരത്തെ ചെയ്ത പോസ്റ്റുകളുടെ രത്നചുരുക്കം. ഹാവൂ....

സിദ്ധാർത്ഥന്റെ സംശയം

പെരിങ്ങോടരുമായി ഈ വിഷയത്തില്‍ ഒന്നു സംസാരിക്കേണ്ടി വന്നപ്പോള്‍ സിബുവിന്റെ പക്ഷം പിടിച്ചു സംസാരിച്ചിരുന്നു ഞാന്‍. പെണ്ണിന്റെ അച്ഛന്‍ അവരുടെ കുടുംബത്തിന്റെ കെട്ടുറപ്പിനും നിലനില്‍പ്പിനും വേണ്ടി പാലിച്ചിരുന്ന നിയമങ്ങളെല്ലാം അതേ പടി ഭര്‍തൃഗൃഹത്തിലും പാലിക്കേണ്ട ആവശ്യമില്ല എന്ന യുക്തിയായിരുന്നതിനു പിന്നില്‍. സംസ്കൃതത്തില്‍ പാലിച്ച നിയമങ്ങള്‍ മലയാളത്തിലും ആ വാക്കുകള്‍ പാലിക്കണമെന്ന വാദത്തോടു ഇപ്പൊഴും വിയോജിപ്പു തന്നെ, എങ്കിലും സിബു പിന്നീടു്‌ പറഞ്ഞ കാര്യങ്ങളോടു, വ്യാകരണത്തിലും ഭാഷയിലും വ്യുല്‍പത്തി കുറവാണെങ്കിലും, വിയോജിക്കാതെ വയ്യ.


എന്റെ, ഫോട്ടോഗ്രാഫര്‍ കൂടിയായ, ചങ്ങാതി ഒരിക്കല്‍ ഒരു ചെരിവിനെ സൂചിപ്പിക്കാനായി 'സ്ലോ മോഷന്‍' എന്നു പറഞ്ഞതോര്‍ക്കുന്നു. അവിടെ കൂടിയവര്‍ക്കെല്ലാം അതിന്റെ അര്‍ഥം പിടി കിട്ടി എന്നതു വാസ്തവം. പക്ഷേ ആ പദത്തിന്റെ അര്‍ഥമതല്ല എന്നു പറഞ്ഞു കൊടുക്കാതിരിക്കാന്‍ പറ്റുമോ? അതൊരു ഇംഗ്ലീഷ്‌ പദമാണെന്നും അതിന്റെ അര്‍ഥം ഇതല്ലെന്നും അതു തെറ്റായരീതിയിലാണു പ്രയോഗിച്ചതെന്നും പറയാതെ ഉപദേശം പൂര്‍ത്തിയാക്കുന്നതെങ്ങനെ? ഹാവൂ മലയളത്തിനു ഒരു പദം കൂടെ കിട്ടി എന്നു സമാധാനിക്കേണ്ടിയിരിക്കുന്നത്രയ്ക്കു ദരിദ്രമാണോ നമ്മുടെ ഭാഷ?

ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന നിയമത്തിനു്‌ ജനങ്ങളെ നിയന്ത്രിക്കാനുള്ള അവകാശമില്ല, ബസ്സിനു കല്ലെറിയുന്നതു പോലീസുകാര്‍ നോക്കി നിന്നാല്‍ മതി എന്നു പറഞ്ഞാലെങ്ങനിരിക്കും? നിയമങ്ങളും വ്യാകരണങ്ങളും പൊതുസ്വാഭാവമുണ്ടാക്കിയെടുക്കാനുള്ളതാണു്‌. മലയിടിച്ചിലുണ്ടു്‌ എന്ന ഒരു പ്രാദേശികമായ അടയാളം തെറ്റായി വായിച്ചെടുക്കുന്ന വരത്തന്‍ ഡ്രൈവന്‍ വീടെത്തിയേക്കാം. പക്ഷേ, റിസ്ക്കെടുക്കണോ?

എന്റെ ഉത്തരം:

ഞാനീപ്പറഞ്ഞ ആസപ്റ്റന്‍സ്‌ മോഡലെങ്ങനെ പ്രയോഗത്തില്‍ വരും എന്ന സംശയമാണ് സിദ്ധാര്‍ത്ഥനെന്നു തോന്നുന്നു... ഉപമയില്‍ കൂടി തന്നെ ഞാനും പറയാം.

ഫോട്ടോഗ്രാഫര്‍ ചങ്ങാതിയോട്‌ ഞാന്‍ ഇങ്ങനെ പറയും ‘ചെരിവിന് സ്ലോമോഷന്‍ എന്ന് നീ മാത്രമേ പറയൂ.‘ സ്ലോമോഷന്റെ എനിക്കറിയാവുന്ന അര്‍ഥവും പറഞ്ഞുകൊടുക്കും.

അവന് രണ്ട്‌ ചോയ്സ് ഉണ്ട്‌. 1) ഞാന്‍ പറഞ്ഞത്‌ കേട്ട്‌ നാളെ മുതല്‍ ചെരിവ്‌ എന്ന്‌ പറഞ്ഞു തുടങ്ങുക. 2) സ്ലോമോഷന്‍ എന്ന്‌ തന്നെ പറയുക. അതില്‍ (1) എടുത്താല്‍ പിന്നെ പുതിയ വാക്കൊന്നും മലയാളത്തിലേക്ക്‌ വന്നില്ലല്ലോ. അവന്‍ (2) ആണ് സ്വീകരിച്ചതെങ്കില്‍ പിന്നേയും രണ്ട്‌ കാര്യങ്ങള്‍ സംഭവിക്കും. a) അവന്‍ മാത്രം ചെരിവിന് സ്ലോമോഷന്‍ എന്ന്‌ പറഞ്ഞു കൊണ്ടിരിക്കും. b) അല്‍പ്പം വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും ചെരിവിന് സ്ലോമോഷന്‍ എന്ന്‌ പറയാന്‍ തുടങ്ങും. ഇതില്‍ (b) സംഭവിക്കുമ്പോഴേ പുതിയ എന്തെങ്കിലും ഭാഷയില്‍ ഉണ്ടാവുന്നുള്ളൂ. ‘കൂര്‍മ്മത’യുടെ കാര്യത്തില്‍ എനിക്ക്‌ ആദ്യം പറഞ്ഞ വാചകങ്ങളൊന്നും ഒരാളോട്‌ പറയാനാവില്ലല്ലോ. അത്‌ (b) എന്ന സ്ഥിതിയിലും ആണ് ഇപ്പോള്‍.

ഉമേഷിന്റെ മറുപടി

ഒരു സാദാ ഫോട്ടോഗ്രാഫര്‍ സ്ലോമോഷന്‍ എന്നു പറഞ്ഞാല്‍ അതു അംഗീകരിക്കപ്പെടില്ല. പക്ഷേ ഉന്നതങ്ങളില്‍ പിടിയുള്ള ഒരു കവിയോ പത്രപ്രവര്‍ത്തകനോ വിദ്യാഭ്യാസവിചക്ഷണനോ ഏതെങ്കിലും പാഠപ്പുസ്തകത്തിലോ പത്രത്തിലോ മറ്റോ "രാപ്പകല്‍" എന്നോ "ഫിലിമോത്സവം" എന്നോ "പദ്ധതിയേതരം" എന്നോ പ്രയോഗിക്കുകയും അതു്‌ ജനം വായിക്കാനിടയാവുകയും ചെയ്യുമ്പോഴാണു്‌ ഈ തെറ്റുകള്‍ രൂഢമൂലമാകുന്നതു്‌. അല്ലാതെ സിബു പറയുന്ന acceptance വഴിയല്ല. എന്റെ നോട്ടത്തില്‍ ഫോട്ടൊഗ്രഫറുടെ സ്ലോ മോഷനെക്കാള്‍ വലിയ തെറ്റാണു ബുദ്ധിജീവിയുടെ "പദ്ധതിയേതരം".

"രാപ്പകല്‍" തെറ്റാണെന്നു മനസ്സിലാക്കിയതിനു ശേഷം ഞാന്‍ ആളുകള്‍ ആ വാക്കു പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ടു്‌. ആ പാഠപ്പുസ്തകത്തിനു മുമ്പുള്ള ആളുകള്‍ "രാപകല്‍" എന്നു തന്നെയാണു പറയുന്നതു്‌. അപ്പൂപ്പന്മാരുടെ പറച്ചില്‍ കേള്‍ക്കൂ: "ഞാനിങ്ങനെ രാപകല്‍ ഇവിടെത്തന്നെ കുത്തിയിരിക്കുകയാണു കുഞ്ഞേ...".

ഇതു natural selection വഴിയുള്ള acceptance അല്ല സിബൂ. ഇതു്‌ ഭീകരനോവലുകളില്‍ കാണുന്നതുപോലെ "ശാസ്ത്രീയ"പരീക്ഷണങ്ങളില്‍ monster-മാരെ (വി. കെ. എന്‍-ന്റെ മോണ്‍സ്റ്റര്‍ അല്ല) ഉണ്ടാക്കുന്നതുപോലെയാണു്‌. ആരെങ്കിലും ഇതു ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ ഈ വിവരദോഷങ്ങളൊക്കെ മലയാളികള്‍ നെഞ്ചേറ്റി ആക്സപ്റ്റ്‌ ചെയ്തതാണെന്നു സിബുവിനെപ്പോലുള്ളവര്‍ വാദിക്കും. അല്ലെങ്കിലേ നമ്മുടെ "ടി. വി. സീരിയല്‍ കില്ലേഴ്സ്‌" മലയാളത്തെ കൊന്നു കൊലവിളിക്കുകയാണു്‌.

തെറ്റാണെന്നു തോന്നുന്നതു്‌ ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം. കുട്ടിക്കൃഷ്ണമാരാരും, പി. കെ. നാരായണപിള്ളയും, പന്മന രാമചന്ദ്രന്‍ നായരും, സി. വി. വാസുദേവഭട്ടതിരിയും, 'മാതൃഭൂമി' പത്രത്തില്‍ 'ചൊവ്വാദോഷം' എഴുതിയ ആളും ഒക്കെ ചെയ്ത കാര്യം തന്നെ. ബ്ലോഗില്‍ ഇപ്പോള്‍ ധാരാളം മലയാളം കാണുന്നുണ്ടു്‌. ഇങ്ങനെയുള്ള തിരുത്തുകളും അഭിപ്രായങ്ങളും ബ്ലോഗിലെ ഭാഷയ്ക്കു ഗുണമേ ചെയ്യൂ എന്നാണു്‌ എന്റെ വിശ്വാസം. അതു സ്വീകരിക്കണോ അതോ തെറ്റു (തെറ്റി - തെറ്റെന്നു ഞാന്‍ വിശ്വസിക്കുന്നതും മലയാളികള്‍ അംഗീകരിച്ചതെന്നു സിബു വിശ്വസിക്കുന്നതുമായ സാധനം) തന്നെ തുടര്‍ന്നും accept ചെയ്യണോ എന്നു്‌ എഴുത്തുകാര്‍ തന്നെ തീരുമാനിക്കട്ടെ.

Comments:
സിബു പറഞ്ഞതിനോട്‌ ഒരര്‍ത്ഥത്തില്‍ ഞാന്‍ യോജിയ്ക്കുന്നു. പക്ഷെ ചുമട്ടുതൊഴിലാളിയുടെ ഭാഷയില്‍ കുര്‍ബാന ചെയ്യരുത്‌ എന്നു പറഞ്ഞതിനോട്‌ യോജിയ്ക്കാന്‍ വയ്യ. അവന്‍ അവന്റെ അറിയുന്ന ഭാഷയില്‍ ദൈവത്തിനോട്‌ സംസാരിച്ചോട്ടെ. അതിനെന്താ? പിന്നെ, ശരി തെറ്റുകള്‍ വരുന്നത്‌ ഭാഷയുടെ ചട്ടക്കൂട്‌ നോക്കുമ്പോളാണ്‌. അതു പഠിച്ചാലല്ലേ നല്ല ഭാഷയില്‍ എഴുതാന്‍ പറ്റൂ? വളയത്തിലൂടെ ചാടാന്‍ പഠിച്ചിട്ടല്ലേ, വളയമില്ലാതെ ചാടുക? ഇന്ന്‌ ഒരാള്‍ മുണ്ടുടുത്ത്‌ കമ്പനി ബോര്‍ഡ്‌ മീറ്റിങ്ങിനു ചെല്ലുമോ? കാണാന്‍ ബുദ്ധിമുട്ടാവും. സിബു പറഞ്ഞ ഒരു കാര്യം, സന്ദര്‍ഭത്തിനനുസരിച്ച്‌ ഭാഷ ഉപയോഗിയ്ക്കണം. അതു ശരിയാണ്‌ എന്നു വരുകില്‍ കൂടി അപ്പോള്‍ നാം ശരിയായ്‌ ഭാഷയും പഠിയ്ക്കേണ്ടി വരും എന്നല്ലേ? ഒരു സംകുചിത മനോഭാവം കൂടാതെ പഠിയ്ക്കുക, വേണ്ടിടത്ത്‌ ഉപയോഗിയ്ക്കുക. പരിണാമം സംഭവിയ്ക്കുമ്പോഴും ഒരു വഴിയുണ്ട്‌, അതു കടന്നുവന്ന വഴി. അതില്‍ നിന്നും വല്ലാതെ മാറിയാല്‍ അതു പുതിയ വഴിയായി.
വല്ലാതെ എഴുതി ബോറടിപ്പിയ്ക്കുന്നില്ല. നമുക്കു തുടരാം.
-സു-
 
സിബുവിന്റെ സ്വീകാര്യതാ/പ്രചാര (acceptance) സിദ്ധാന്തത്തിനോടു വളരെ അടുപ്പമുള്ള ഒരു നിലപാടില്‍ കുറച്ചുനാളായി നിലകൊള്ളുകയും അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ പിന്നെയും ചുറ്റിക്കറങ്ങി അതില്‍ത്തന്നെ വന്നു ചേരുകയും ചെയ്യുന്ന ഒരുത്തനാണു ഞാനും.

ഭാഷ എന്നു പറയുന്നതു പറയുന്നയാളും കേള്‍ക്കുന്നയാളും തമ്മിലുള്ള ഒരു ഉടമ്പടിയാണല്ലോ. (ഈ ധാരണയെത്തന്നെയാണ്‌ സിബു സ്വീകാര്യത എന്നു പറയുന്നതെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌) ആ ഉടമ്പടി തകരുന്നതിനെയാണ്‌ നമ്മള്‍ 'തെറ്റ്‌' എന്നു വിളിയ്ക്കുന്നത്‌. സ്കൂളില്‍ വരുന്ന കുട്ടിയും അധ്യാപകനും തമ്മിലുള്ള (എഴുതാത്ത) ഉടമ്പടിയുടെ ഭാഗമാണ്‌ 'ഞാന്‍ പറയുന്നതു തെറ്റാണെങ്കില്‍ തിരുത്തിത്തരാന്‍ അധ്യാപകനു കുട്ടി കൊടുക്കുന്ന അധികാരം. അതുപയോഗിച്ചാണ്‌ അധ്യാപകന്‍ 'തെറ്റുതിരുത്ത്‌' തുടങ്ങിയ അഭ്യാസങ്ങള്‍ കുട്ടിയ്ക്കു കൊടുക്കുന്നത്‌. ഉമേഷ്‌ പറഞ്ഞ പ്ലെഷര്‍/പ്രെഷര്‍ പോലെ എന്നോ മലയാളത്തില്‍ കടന്നുവന്ന ഒരു 'തെറ്റുക'ളല്ലേ കാപ്പിയും (കോഫി) കവാത്തും (കവായദ്‌)?

സിബു ചെയ്തതു പോലെ സ്വീകാര്യതയെ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഒരു കൂട്ടര്‍ക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന തെരഞ്ഞെടുപ്പിനെക്കാള്‍ സാമ്യം പലകൂട്ടരും വിജയം അവകാശപ്പെടുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമായോ എതിരെ മത്സരിച്ച കക്ഷികളിലെ ജയിച്ചവര്‍ കൂടിച്ചേര്‍ന്ന് കൂട്ടുമുന്നണിയുണ്ടാക്കുന്ന പരിപാടിയോടോ ആയിരിക്കും. അതായത്‌, ഒന്നിലധികം ശരികളുള്ള ഭാഷയുണ്ടായിത്തീരുന്നു, പണ്ഡിതന്മാര്‍ കൊണ്ടുവരുന്ന ചില സിദ്ധാന്തങ്ങളോടൊപ്പം തന്നെ സാധാരണക്കാരുടെ ചില പ്രയോഗങ്ങളും സ്വീകരിക്കപ്പെടുന്നു.

ഉമേഷ്‌ പറഞ്ഞ മറ്റൊരു കാര്യം ഈ സ്വീകാര്യത ചില 'വലിയവര്‍' ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നാണ്‌. ഇതു സത്യമാണ്‌. എക്കാലത്തും സത്യമായിരുന്നു, ഇനിയും ആയിരിക്കും. ഒരു രക്ഷകര്‍ത്താവു പറയുന്ന 'തെറ്റ്‌' ഒരു കുട്ടി മാത്രമേ സ്വീകരിക്കൂ. ഒരു അധ്യാപകന്റേതാവുമ്പോള്‍ അതു കുറെക്കുട്ടികള്‍ സ്വീകരിക്കുന്നു. പാഠ്യപദ്ധതി ഉണ്ടാക്കുന്ന സമിതിയിലെ ഒരംഗത്തിന്റേതോ ഭരണാധികാരിയുടേതോ പത്രപ്രവര്‍ത്തകന്റേതോ മറ്റൊരു പ്രശസ്തവ്യക്തിയുടേതോ ആവുമ്പോള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കൂടും. പക്ഷേ, ഇതും സ്വീകാര്യതയുടെ മറ്റൊരു രൂപമാണ്‌ എന്നു മറന്നുകൂടാ.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പണ്ഡിതന്മാരും കൊണ്ടുവരുന്ന വാക്കുകള്‍ക്കുമില്ലേ ഈ സ്വീകാര്യത? ഇംഗ്ലീഷിലുള്ള ഒരു വാക്കിനെ അപ്പടി ഉപയോഗിക്കാതെ ഒന്നു മലയാള്‍പ്പെടുത്താന്‍ എന്തു വഴി എന്നു ചിന്തിയ്ക്കുന്ന പലരും അഭയം പ്രാപിക്കുന്നത്‌ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളെയും നിഘണ്ടുക്കളെയും പണ്ഡിതന്മാരെയുമാണല്ലോ. അങ്ങനെ 'വാക്കാശാരിമാര്‍' ഉണ്ടാക്കിവിട്ടിട്ട്‌ കാലക്രമേണ സ്വീകാര്യത കൈവന്നിട്ടുള്ള വാക്കുകളല്ലേ 'സംപ്രേഷണ'വും 'ശൂന്യവേള'യും 'തിരുത്തല്‍വാദി'യുമൊക്കെ? അപ്പോള്‍, ജനസാമാന്യത്തിന്റെ പ്രയോഗങ്ങളില്‍ നിന്നുണ്ടായി വരുന്ന വാക്കുകള്‍ക്കേ സ്വീകാര്യതയുള്ളൂ എന്നു മറിച്ചും പറയുന്നതു ശരിയായിരിക്കില്ല.
 
പൊതുവായി ഉയര്‍ന്നുവരുന്ന സംവാദങ്ങളിലൊന്നാണല്ലോ, സംസ്കൃതം വാക്കുകള്‍ മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ സംസ്കൃതം വ്യാകരണം ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളതു്. സംസ്കൃതം നിയമങ്ങള്‍ ഉപയോഗിക്കണമെന്നു ഒരു കൂട്ടര്‍ നിഷ്കര്‍ഷിക്കുമ്പോള്‍ മറുകൂട്ടര്‍ ബസ് (ബസ്സസ് എന്നുള്ളതിനു പകരം ബസ്സുകള്‍ എന്നിങ്ങിനെ) മുതലായ ഉദാഹരണങ്ങള്‍ എടുത്തെഴുതി ഭാഷ വളരുന്നതു അപ്രകാരമാണെന്നു സമര്‍ഥിക്കുന്നു. ഡോ.ബെഞ്ചമിന്റെ ഒരു ലേഖനത്തില്‍ നിന്നുള്ള ഭാഗം ശ്രദ്ധിക്കുക:


ഭാഷാപരമായ പൊങ്ങച്ചം മറ്റൊരു തലത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പഴയ സംസ്കൃത ശാസ്ത്രി പരീക്ഷ പാസായിട്ടുള്ള മലയാളാദ്ധ്യാപകരും പണ്ഡിതന്മാരും മലയാളത്തെ അഷ്ടാദ്ധ്യായിയുടെ ഇടുക്കുതൊഴുത്തില്‍ കെട്ടാന്‍ വെമ്പുന്നവരാണ്. മലയാളം ഇത്രയും വളര്‍ന്നു കഴിഞ്ഞിട്ടും വ്യാകരണകാര്യങ്ങളില്‍ സംസ്കൃതനിയമങ്ങള്‍ പിന്തുടരണമെന്ന് അവര്‍ ശഠിക്കുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍ നിന്നു സ്വീകരിച്ച പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ സംസ്കൃതവ്യാകരണ നിയമങ്ങള്‍ തന്നെ പാലിക്കണമെന്നാണവരുടെ ശാഠ്യം. ഭാഷാശാ‍സ്ത്രപരമായിപ്പറഞ്ഞാല്‍ നിരര്‍ത്ഥകമായ ദുശ്ശാഠ്യമാണിത്. ഒരു ഭാഷയ്ക്ക് ഏതു ഭാഷയില്‍ നിന്നും പദങ്ങളും പ്രയോഗങ്ങളും സ്വീകരിക്കാം. അപ്പോഴെല്ലാം അവ പ്രയോഗിക്കേണ്ടത് സ്വന്തം ഭാഷാനിയമങ്ങള്‍ക്കനുസരിച്ചാണ്. അതിനുള്ള സ്വാതന്ത്ര്യമേതു ഭാഷയ്ക്കുമുണ്ട്. ലത്തീന്‍ മുതല്‍ മലയാളം വരെയുള്ള ഭാഷകളില്‍ നിന്നു പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് വളര്‍ന്നത്. പക്ഷേ ഇംഗ്ലീഷ് പഠിക്കുന്നവരാരും മലയാള വ്യാകരണമോ ലത്തീന്‍ വ്യാകരണമോ പഠിക്കുന്നില്ലല്ലോ. മലയാളമതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു. ‘ലീലാതിലക’കാലത്തെ വ്യാകരണവ്യവസ്ഥയെയും പ്രയോഗരീതികളെയും അതിവര്‍ത്തിച്ചതുപോലെ ഇന്ന് സംസ്കൃതത്തിന്റെ വ്യവസ്ഥകളെയും അത് പുറന്തള്ളുന്നു. ജീവനുള്ള ഏതു ഭാഷയും ചെയ്യുന്നതാണ്. അവിടെയൊക്കെ അപായത്തിന്റെ ചെങ്കൊടി പിടിച്ചാല്‍ ഭാഷയെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ജനത അതു വകവച്ചുകൊടുക്കില്ല. ‘രക്ഷാകര്‍ത്താവെ’ന്നേ പറയാവൂ. ‘അസ്തമയ’മെന്നേ പ്രയോഗിച്ചുകൂടൂ എന്നൊക്കെ എത്ര തവണ കൃഷ്ണന്‍‌നായരെഴുതി. പന്മനയെപ്പോലെ പല ശാസ്ത്രിമാരും അതിനു പിന്‍‌ബലവും നല്‍കി. പക്ഷേ ആരെങ്കിലുമതു വകവച്ചു കൊടുത്തോ? സൌന്ദര്യശാസ്ത്രകാരനും മികച്ച ഭാഷാശാസ്ത്രകാരനുമായ ബനഡിറ്റോ ക്രോച്ചെ ഭാഷയെക്കുറിച്ചു പറഞ്ഞതിവിടെ ഉദ്ധരിക്കട്ടെ:

"Language is perpectual creation... The ever new impressions give rise to continuous changes of sound and meaning, that is, to ever new expressions. To seek the model language, then is to seek the immobility of motion.... Language is not an arsenal of arms already made, and it is not a vocabulary, a collection of abstractions, or a cemetery of corpses more or less well embalmed.'' (Aesthetic pages 150, 151)

ഭാഷ എന്ന നിരന്തരമായ സൃഷ്ടിയെ കൊന്നു മലര്‍ത്തിയിട്ടാലേ കര്‍ക്കശമായ നിയമങ്ങള്‍ക്കതിനെ ബന്ധിക്കാനാവൂ!



ഏതൊരു ഭാഷാശാസ്ത്രജ്ഞനും എളുപ്പം നിരീക്ഷിക്കാവുന്ന ഒന്നാണു്, ഭാഷയിലെ ഘടനാശാസ്ത്രം, പാറ്റേണുകള്‍ എന്നിവ. നിയമങ്ങള്‍ എന്നൊരു കടും‌പിടുത്തം ഒഴിവാക്കിയാല്‍ ചില exceptions ഏതു ഭാഷയിലും കണ്ടേയ്ക്കും. ഡോ.ബെഞ്ചമിന്റെ ലേഖനത്തിലെ ഉദാഹരണം തന്നെ എടുക്കാം, “രക്ഷാകര്‍ത്താവ്” എന്ന സംസ്കൃതം പദം മലയാളീകരിച്ചു രക്ഷകര്‍ത്താവ് എന്നെഴുതുന്നതിലും മലയാളത്തിന്റേതായ ഒരു നിയമം/പാറ്റേണ്‍ ആവശ്യമാണു്. അതെന്താണെന്നു ലേഖകന്‍ വിശദീകരിച്ചിട്ടില്ല, അതുപോലെ പ്രസ്തുത പാറ്റേണ്‍ അനുവര്‍ത്തിക്കുന്ന മറ്റു ഉദാഹരണങ്ങളും കൊടുത്തുകാണുന്നില്ല. പകരം പലതെറ്റുകളും കുറേക്കാലം ഉപയോഗിച്ചു ശീലിക്കുമ്പോള്‍ തെറ്റ് ശരിയാവുന്നു, അല്ലെങ്കില്‍ ജനം അംഗീകരിക്കുന്ന എന്ന വികലമായവാദം എടുത്തിടുന്നു. ഇപ്രകാരം ഒരുപാടു തെറ്റുകള്‍/exceptions ഒരു പാറ്റേണിലും പെടുത്താനാവാത്ത പ്രയോഗങ്ങള്‍ ഭാഷയില്‍ വരുന്നതിനെ “സാ മട്ടില്‍’ തള്ളിക്കളയുവാന്‍ കഴിയുകയില്ല. ഭാഷ തിരിച്ചറിയപ്പെടുന്നതും ഉപയോഗത്തില്‍ വരുന്നതും അതിന്റെ പാറ്റേണുകളില്‍ കൂടിയാണു്. ഭാഷയുടെ ആ സ്വഭാവം നഷ്ടപ്പെടുത്തുന്ന തെറ്റുകളാണു മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നതു്.
 
Post a Comment



<< Home

Archives

09/04   12/04   03/05   05/05   06/05   07/05   02/06   06/06   08/06  

This page is powered by Blogger. Isn't yours?